ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നേരനുഭവം
Sunday, December 4th, 2011
'സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര' എന്നതു ചരിത്രപരമായി ഒരു കാലഘട്ടത്തില്‍ ശരിയായിരുന്നു. എന്നാല്‍, ആര്യന്‍ അധിനിവേശശക്തികള്‍ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കാവലാളുകളായതോടെ, 'സാരേ ജഹാംസെ ബുരാ ഹിന്ദുസ്ഥാന്‍ തുമാര' എന്നു പറയേണ്ട സ്ഥിതി സംജാതമായി. പിന്നീട് ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വിമോചനപ്രസ്ഥാനമെന്ന നിലയില്‍ ഇസ്‌ലാം മര്‍ദ്ദിതജനതയെ മോചിപ്പിക്കുകയാണുണ്ടായത്. ഡല്‍ഹി സുല്‍ത്താന്മാരും മുഗള്‍ ഭരണകര്‍ത്താക്കളും ഇസ്‌ലാമികമോചനത്തിനു രാഷ്ട്രീയമുഖം പകര്‍ന്നുനല്‍കുകയും ചെയ്തു. ശാങ്കര 'ദിഗ്‌വിജയ'ത്തിന്റെ (അദൈ്വതവാദിക്ക് ദിഗ്‌വിജയമെന്തിന്?) നാളുകള്‍ അവസാനിക്കുകയും ജാതിരാക്ഷസനും കളിത്തോഴന്മാരും മാളങ്ങളില്‍ ഒളിക്കുകയും ചെയ്തു. മാളങ്ങളിലിരുന്ന് ഇസ്‌ലാമിക ഭരണകേന്ദ്രങ്ങളുടെ താളത്തിനുതുള്ളാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല.
'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ സ്മൃതിയും ശ്രുതിയും നോക്കി ഭരിക്കുന്നവരായിരിക്കും അധികാരത്തില്‍ വരുക. അങ്ങനെയുള്ള ഭരണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കു നീതി ലഭിക്കുമോ' എന്ന ആശങ്ക ശ്രീനാരായണഗുരു പ്രകടിപ്പിച്ചിരുന്നു. 'എന്തിനയേ സ്വരാജ്യം' എന്നു കുമാരനാശാന്‍ ചോദിച്ചതും മറ്റൊന്നുംകൊണ്ടായിരുന്നില്ല. ഡോ. അംബേദ്കറും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. ഈ ആശങ്ക പ്രകടിപ്പിച്ചവരെ രാഷ്ട്രീയമായും സാംസ്‌കാരികമായും ഒതുക്കാനുള്ള ശ്രമം ഇന്നും തുടരുന്ന പശ്ചാത്തലത്തിലാണ് 'മുല്‍ക് ബനാവോ ഇന്‍സാഫ് പര്‍' (നീതിക്കു മേല്‍ രാഷ്ട്രം പണിയുക) എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് ഡല്‍ഹിയില്‍ സാമൂഹികനീതി സമ്മേളനം നടത്തിയത്. പുതിയ ചരിത്രം സൃഷ്ടിച്ച ഈ സമ്മേളനം അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയെ ഒരേസമയം ഞെട്ടിക്കുകയും പുളകമണിയിക്കുകയും ചെയ്തു. രാംലീലാ മൈതാനത്തില്‍ ഒഴുകിയെത്തിയ ജനസാഗരം കണ്ട് ഭരണവര്‍ഗങ്ങള്‍ ഞെട്ടിയതിന് ഈയുള്ളവന്‍ ദൃക്‌സാക്ഷിയാണ്. അതേസമയം, മര്‍ദ്ദിതരുടെ ശബ്ദവും പീഡിതരുടെ ഗര്‍ജനവും നിന്ദിതരുടെ വിമോചനമന്ത്രവും ശ്രവിക്കാനായവരെ ഈ സമ്മേളനം പുളകംചാര്‍ത്തുകയും ചെയ്തു.
തുല്യനീതിയുടെ അടിസ്ഥാനത്തില്‍ വേണം രാജ്യഭരണം നടത്തേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടന അടിവരയിട്ടുപറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്നു നാം കാണുന്നത് ഇതിനു നേര്‍വിപരീതമായ സ്ഥിതിവിശേഷമാണ്. ഇന്ത്യ തിളങ്ങുന്നുവെന്ന് ഭരണവര്‍ഗങ്ങള്‍ പെരുമ്പറമുഴക്കുമ്പോള്‍, ജീവിതഭാരവും കൊടിയ മര്‍ദ്ദനങ്ങളും കൊണ്ട് മനോവ്യഥ അനുഭവിക്കുന്ന 'തിളയ്ക്കുന്ന' ഇന്ത്യയെയാണു നാം കാണുന്നത്. വികസനത്തിന്റെ വ്യാജമുദ്രകള്‍ കാട്ടി ജനതയെ മയക്കുകയാണ്, രാജ്യത്തെ വിദേശശക്തികള്‍ക്ക് അടിയറവച്ചിരിക്കുന്ന പരമ്പരാഗത ഭരണവര്‍ഗം ചെയ്യുന്നത്. ഭരണകൂടഭീകരത പിന്നാക്ക-മതന്യൂനപക്ഷങ്ങള്‍ക്കു വിധിക്കപ്പെട്ടതാണെന്ന മട്ടിലാണു ഭരണവര്‍ഗം പെരുമാറുന്നത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഏതൊരു നീക്കത്തെയും പൈശാചികമായി അടിച്ചമര്‍ത്തുകയും ദേശീയവിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
ദാരിദ്ര്യരേഖയ്ക്കു താഴെ ജനകോടികള്‍ ജീവിക്കുന്ന രാജ്യമാണിത്. 42 കോടി കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത രാജ്യം; ബാലവേല ചെയ്യുന്ന 26 കോടി കുട്ടികളുടെ രാജ്യം! ഭരണകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും ഒരുപോലെ തന്നെയുള്ള വിദേശനയവും സാമ്പത്തികനയവുമുള്ള രാജ്യവും ഇതുതന്നെ. സവര്‍ണ ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ തന്നെ ഇടത്-വലത് വേഷധാരികളും നാടകക്കമ്പനികളുമായിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ നീതിയുടെയും സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും ജനാധിപത്യവല്‍ക്കരണത്തെ തടഞ്ഞുകൊണ്ടിരിക്കുന്നു. വേള്‍ഡ് ബാങ്കും ഐ.എം.എഫും ഭരണകൂടനയങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്നു. ഇവരുടെ സാമ്പത്തികസഹായം ക്ഷേമ-സേവനമേഖലകളില്‍നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷം പിന്നിട്ടെങ്കിലും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കു മാന്യമായ ജീവിതം നല്‍കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കൃഷിഭൂമിയോ സ്വന്തമായ വാസസ്ഥലമോ ഇല്ലാത്തവരാണ് ഈ വിഭാഗങ്ങളില്‍ അധികവും. കേരളത്തിലും അടുക്കളയില്‍ ശവമടക്കുന്ന ദലിതരെയും പിന്നാക്കവിഭാഗങ്ങളെയും കാണാം. ആദിവാസികളെ വഞ്ചിച്ച് ഭരണ-പ്രതിപക്ഷ ഭൂസ്വാമിമാര്‍ ഭൂമി കൊള്ളയടിക്കുന്നു. ചെറുത്തുനില്‍ക്കുന്നവരെ മാവോ-നക്‌സല്‍ മുദ്രകുത്തി കൊടുംപീഡനത്തിന് ഇരയാക്കുന്നു. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം ജനതയെ പാര്‍ശ്വവല്‍ക്കരിക്കുകയും ക്രൂരമായി അന്യവല്‍ക്കരിക്കുകയും നിന്ദ്യമായ രീതിയില്‍ ഭീകരപ്രസ്ഥാനക്കാരായി മുദ്രയടിക്കുകയും ചെയ്യുന്നു. ഹിന്ദുരാഷ്ട്രമെന്ന ഫാഷിസ്റ്റ് രാഷ്ട്രം ലക്ഷ്യമാക്കി ഹിന്ദുത്വവാദികള്‍ തന്നെ മുസ്‌ലിംവേഷം ധരിച്ചു സ്‌ഫോടനം നടത്തുന്നു. അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടി കല്‍ത്തുറുങ്കിലിട്ട് കൊല്ലാക്കൊല ചെയ്യുന്നു. മലേഗാവ് മുതല്‍ മുംബൈ വരെ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളായിരുന്നു എന്ന കാര്യം ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് ധ്വംസനവും കശ്മീര്‍ പ്രശ്‌നവും നാം കണ്ടുകഴിഞ്ഞിരിക്കുന്നു. 'സാരെ ജഹാംസെ ബുരാ' എന്നു പറയേണ്ടിവരുന്നതും ഇതൊക്കെക്കൊണ്ടുതന്നെയാണ് എന്നറിയുക. കാവിഭീകരതയെ ചൂണ്ടിക്കാണിക്കാന്‍ ഭരണകൂടം തന്നെ ഇപ്പോള്‍ തയ്യാറായതും നാം കാണുന്നുണ്ടല്ലോ. മോഡി മോഡല്‍ ഭീകരസത്വങ്ങള്‍ താണ്ഡവമാടിയതും ഒടുവില്‍ കുടുങ്ങുന്നതും നാം കാണുന്നു.
ഹിന്ദുത്വം എന്നു നശിക്കുമോ അന്നുവരെ ഇന്ത്യ കരയേണ്ടിത്തന്നെയിരിക്കുമെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതും ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതായി പ്രഖ്യാപിച്ച ഡോ. അംബേദ്കറും മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് നാരായണഗുരു പറഞ്ഞതും അയ്യങ്കാളിയും പാമ്പാടി ജോണ്‍ ജോസഫും പണ്ഡിറ്റ് കറുപ്പനും കുമാരഗുരുവും വൈകുണ്ഠസ്വാമികളും നീതിക്കുവേണ്ടി പോരാടിയതും 'മുല്‍ക് ബനാവോ ഇന്‍സാഫ് പര്‍' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍, മാര്‍ക്‌സിന്റെയും മഹര്‍ഷിയുടെയും പേരില്‍ വിപ്ലവരാഷ്ട്രവും ഹിന്ദുത്വരാഷ്ട്രവും പറഞ്ഞ് ജനതയെ വഞ്ചിച്ചവരെ തിരിച്ചറിയാന്‍ പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കു കഴിയാതെ പോയി.
ഈ തിരിച്ചറിവാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രധാന സംഭാവനകളിലൊന്ന്. അതിന്റെ വെളിച്ചത്തിലുള്ള വിമോചനത്തിന്റെ മുന്നേറ്റമാണ് കോഴിക്കോട്ടും ബാംഗ്ലൂരും നടന്ന ശാക്തീകരണപ്രക്രിയയിലൂടെ ഡല്‍ഹിയിലെ 'രഹിംലീലാ മൈതാനത്ത്' എത്തിയത്. രാവണന്റെ ഒരു ഫാന്‍ കൂടിയായ ഈ ലേഖകന് രഹിംലീലയാണ് ചരിത്രപരമായി ആശ്വാസം നല്‍കുന്നത്. 'മുത്തുനബി' എന്നു ശ്രീനാരായണഗുരു നബിയെ വിശേഷിപ്പിച്ചത് മറ്റൊന്നുംകൊണ്ടായിരുന്നില്ല. അസവര്‍ണ ര്‍ക്ക് നല്ലത് ഇസ്‌ലാം എന്ന കൃതി ഈയുള്ളവന്റെ പൂര്‍വികര്‍ എഴുതിയതും അതുകൊണ്ടുതന്നെയാണ്. അതു തീവ്രവാദസാഹിത്യമാണെന്നു പറഞ്ഞ് ചില പുംഗവന്‍മാര്‍ പിടിച്ചെടുത്ത് വായിച്ചുനോക്കിയതും നാം കണ്ടതാണല്ലോ. പത്രാധിപര്‍ കെ സുകുമാരനും എ കെ ഭാസ്‌കറും (ബി ആര്‍ പി ഭാസ്‌കറിന്റെ അച്ഛന്‍) സഹോദരന്‍ അയ്യപ്പനും കെ പി തയ്യിലും ലശ്കര്‍ ബന്ധമുള്ളവരാണെന്നു പറയാത്തത് ഭാഗ്യം. നീതിയുടെ മേല്‍ രാഷ്ട്രം പണിയാനുള്ള ഈ വിപ്ലവകാരികളുടെ ത്വരയാണ് അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം എന്ന കൃതിയില്‍ പ്രകടമാവുന്നത്. ഈ ത്വര തിരയായി ഉയര്‍ന്നുപൊങ്ങിയ കാഴ്ചയാണ് ഈയുള്ളവന്‍ രാംലീലാ മൈതാനത്ത് (രഹിംലീലാ മൈതാനത്ത്) കണ്‍കുളിര്‍ ക്കെ കണ്ടു നിര്‍വൃതിയടഞ്ഞത്.
നാനാത്വത്തിലെ ഏകത്വം വിളിച്ചോതിയാണ് പ്രതിനിധികള്‍ ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു അത്. ഇസ്‌ലാമിക യുവത്വത്തിന്റെ ഒടുങ്ങാത്ത നീതിദാഹം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുപോലെ, ഉയര്‍ന്നുകൊണ്ടിരുന്ന കാഴ്ച 'ആശങ്കയല്ല', ആശ്വാസവും ആശ്ചര്യവും ആഹ്ലാദവുമാണുണ്ടാക്കിയത്. രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു ജനസഹസ്രങ്ങളായിരുന്നു ഡല്‍ഹിയില്‍ ശുദ്ധമായ മലവെള്ളം പോലെ ഒഴുകിയെത്തി നിറഞ്ഞുകവിഞ്ഞത്.
സംഘാടനത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണു പോപുലര്‍ ഫ്രണ്ട് അവിടെ കാഴ്ചവച്ചത്. പതിനായിരങ്ങള്‍ ഒഴുകിയൊഴുകി എത്തിക്കൊണ്ടിരുന്നിട്ടും യാ ജതൊരുവിധത്തിലുള്ള തടസ്സമോ സംഘര്‍ഷമോ അവിടെങ്ങും കണ്ടില്ല. തികഞ്ഞ അച്ചടക്കത്തിന്റെ ഈ മാതൃക പോപുലര്‍ ഫ്രണ്ടിനു മാത്രം അവകാശപ്പെട്ടതാണ്; അനുപമമാണ്. 'മുല്‍ക് ബനാവോ ഇന്‍സാഫ് പര്‍' എന്ന ലക്ഷ്യവും ചിന്തയും അതിനുവേണ്ടിയുള്ള ആത്മസമര്‍പ്പണവും മാത്രമാണ് അണികളെ നിയന്ത്രിച്ചിരുന്ന ചേതോവികാരം.
A neo social movement for a new India of equal rights to all Indians

















































