അധ്യാപികയെ വേട്ടയാടുന്ന സദാചാര പോലിസ്
Sunday, November 20th, 2011
വൈപ്പിന്‍ എളങ്കുന്നപ്പുഴയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇംഗ്ലീഷ് അധ്യാപികയും ഗസറ്റഡ് റാങ്കില്‍ ജോലിയില്‍ പ്രവേശിച്ചയാളുമായ ടി വി ബിന്ദു എന്ന ദലിത്‌വിഭാഗത്തില്‍പ്പെട്ട അധ്യാപികയെ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സവര്‍ണമനോഭാവമുള്ള ചില ആളുകള്‍ ജാതിപ്പേരു ചേര്‍ത്ത് അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്ത സംഭവം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നതാണ്. ബിന്ദുവും ഭര്‍ത്താവ് കമല്‍ സി ചവറയും ആനുകാലികങ്ങളില്‍ എഴുതുന്നവരും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുമാണ്. ചില പത്രങ്ങളിലെ പ്രാദേശികലേഖകരുടെ റിപോര്‍ട്ടുകള്‍ മാത്രമാണു സംഭവത്തെക്കുറിച്ച് ഇതിനകം വന്ന വാര്‍ത്തകള്‍. എന്നാല്‍, പ്രാദേശികവാര്‍ത്തകളുടെ പരിമിതവൃത്തത്തിലൊതുങ്ങാന്‍ പാടില്ലാത്ത ചില സുപ്രധാന പ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.ഒക്ടോബര്‍ 27ന് ഉച്ചയ്ക്കുശേഷം പി.ടി.എ മീറ്റിങ്ങ് ആയതിനാല്‍ ക്ലാസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു ക്ലാസിലെ അഞ്ച് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അതിലൊരു ആണ്‍കുട്ടിയുടെ വീട്ടില്‍ പോയി. പി.ടി.എ മീറ്റിങ്ങിനെത്തിയ ഒരാള്‍ ഇക്കാര്യം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്തോ അനാശാസ്യപ്രവര്‍ത്തനം നടന്നെന്ന നിലയിലാണ് പി.ടി.എ പ്രസിഡന്റ് സംഗതികള്‍ ഗ്രഹിച്ചത്. പി.ടി.എ ജനറല്‍ബോഡിയില്‍ ആരോപണമുയര്‍ന്നപ്പോള്‍ പ്രിന്‍സിപ്പല്‍ കുട്ടികളുടെ ക്ലാസ്ടീച്ചറായ ബിന്ദുവിനെ സംഭവം അന്വേഷിച്ചു റിപോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. സദാചാരപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു ബിന്ദു റിപോര്‍ട്ട് നല്‍കുകയും പിറ്റേന്നു കുട്ടികളെ ക്ലാസിലിരുത്തുകയും ചെയ്തു. എന്നാല്‍, ഒരു ദിവസം ചില കുട്ടികള്‍ സ്‌കൂളിലേക്കു നടന്നുവരുമ്പോള്‍, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പി.ടി.എ പ്രസിഡന്റ് അവരെ പെരുവഴിയില്‍ വഴക്കും അസഭ്യവും പറയാന്‍ തുടങ്ങി. ഒരു ആണ്‍കുട്ടിയെ അടിക്കുകപോലും ചെയ്തു. എന്തിനാണ് തങ്ങളെ ചീത്തപറയുന്നതെന്നു ചോദിച്ച കുട്ടികളോട്, നിങ്ങള്‍ക്കൊക്കെ സിനിമാസ്‌റ്റൈലില്‍ അഴിഞ്ഞാടാനുള്ളതല്ല റോഡും എന്റെ സ്‌കൂളുമെന്നാണു അയാള്‍ പറഞ്ഞത്. 75 ശതമാനം എസ്.സി വിഭാഗം കുട്ടികള്‍ പഠിക്കുന്നതാണ് എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കീഴ്ജാതിക്കാര്‍ സ്‌കൂളിന്റെ പാരമ്പര്യം നശിപ്പിക്കുന്നുവെന്നാണു പി.ടി.എ പ്രസിഡന്റ് പറഞ്ഞത്. തുടര്‍ന്നു സ്‌കൂളിലെത്തിയ അയാള്‍ക്കെതിരേ പ്രതികരിച്ച ബിന്ദുവിനെ പരസ്യമായി ജാതിപ്പേരു ചേര്‍ത്ത് അസഭ്യം പറയുകയും അയാളുടെ ശിങ്കിടികള്‍ കൈയേറ്റത്തിനു മുതിരുകയുമായിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍, പി.ടി.എ പ്രസിഡന്റെന്ന, യാതൊരു എക്‌സിക്യൂട്ടീവ് അധികാരവുമില്ലാത്തയാള്‍ പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് ലൈംഗികച്ചുവയുള്ള ചോദ്യംചെയ്യലുകളിലൂടെ നടത്തിയ മോറല്‍ പോലിസിങ് അല്ലെങ്കില്‍ കള്‍ച്ചറല്‍ പോലിസിങ് സകല മാന്യതകളെയും ലംഘിക്കുന്നതായി. കൗണ്‍സലിങ്ങിന് വിധേയരാക്കേണ്ട കുട്ടികളെ ഹരാസ്‌മെന്റിന് വിധേയരാക്കിയ പി.ടി.എ പ്രസിഡന്റിനെയും പ്രിന്‍സിപ്പലിനെയും പ്രോസിക്യൂട്ട് ചെയ്യേണ്ടതുതന്നെ.ബിന്ദു പരാതിയുമായി ഞാറക്കല്‍ പോലിസ് സ്‌റ്റേഷനിലെത്തി. ഉച്ചതിരിയുന്നതുവരെ ആറുമണിക്കൂര്‍ അവിടെ നിര്‍ത്തിയശേഷം പി.ടി.എ പ്രസിഡന്റിന് ദോഷംവരാത്ത രീതിയില്‍ പരാതി തയ്യാറാക്കിച്ചു നാടകംകളിക്കുകയാണു പോലിസ് ചെയ്തത്. ബിന്ദു നല്‍കിയ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഒന്നാംപ്രതിയാക്കിയാണു പോലിസ് കേസെടുത്തത്! പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതെ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം പെടുത്തി പി.ടി.എ പ്രസിഡന്റിനെതിരേയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേയും പോലിസ് കേസെടുക്കുകയാണുണ്ടായത്. ബിന്ദു റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമെടുത്തതായി പരാതിക്കാരിയെ അറിയിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ പി.ടി.എ പ്രസിഡന്റിനെതിരേ പരാതി നല്‍കുകയും സമരം ചെയ്യുകയുമുണ്ടായി. പി.ടി.എ നിര്‍വാഹകസമിതി അടിയന്തരയോഗം ചേര്‍ന്നെങ്കിലും പ്രസിഡന്റിനെതിരേ നടപടിയെടുക്കാനോ എന്തെങ്കിലും തീരുമാനമെടുക്കാനോ കഴിയാതെ യോഗം പിരിയുകയായിരുന്നു.പട്ടികജാതിക്കാരിയായ അധ്യാപിക ബിന്ദുവിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പി.ടി.എ പ്രസിഡന്റ്, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഞാറക്കല്‍ സര്‍ക്കിള്‍ പോലിസ് പട്ടികജാതി പീഡനം തടയല്‍ മോണിറ്ററിങ് കമ്മിറ്റിയംഗവും കേരള ദലിത് മഹാസഭയും ആവശ്യപ്പെട്ടു. ദുരഭിമാനക്കൊലപാതകങ്ങള്‍ നടക്കുന്ന ബിഹാറിലായാലും പ്രമോദ് മുത്താലിക്കിന്റെയും ശ്രീരാമസേനയുടെയും മംഗലാപുരത്തായാലും എളങ്കുന്നപ്പുഴയിലായാലും സദാചാര പോലിസിന്റെ ആക്രമണോല്‍സുകത പ്രാഥമികമായും ഒരു സവര്‍ണ മാടമ്പി മനോഭാവമാണ്. താലിബാനിസത്തെക്കുറിച്ചു വേവലാതികളുണ്ടാവുന്നത് മുസ്‌ലിംകള്‍ പ്രതിസ്ഥാനത്താവുമ്പോഴാണ്.എന്നാല്‍ മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഈ സവര്‍ണ്ണ ഭീകരതയ്ക്കു നേരെ കണ്ണടയ്ക്കുകയും ഇസ്‌ലാമിക ഭീകരതയെ അതില്ലാത്തിടങ്ങളില്‍ പോലും കണ്ടെത്തുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
A neo social movement for a new India of equal rights to all Indians

















































